സഹം: ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതിൽ സുനിൽ കുമാർ (47) ആണ് വടക്കൻ ബാത്തിന മേഖലയിലെ സഹമിൽ മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. റദ്ദയിൽ കെട്ടിട നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കൾ: മിഥുൻ, അദ്വൈത്. സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.