ഒമാനും യു.എ.ഇ ക്കുമിടയിലുള്ള റെയിൽ നെറ്റ്വർക്കിന് പുതിയ പേര്. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ച് ഹഫീത് റെയിലെന്നാണ് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അവസാനിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുഎഇ സന്ദർശനത്തിനിടെയാണ് പേര് പുറത്തുവിട്ടത്. ജബൽ ഹഫീതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതാണ് ഈ നാമകരണം.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് സുഹാർ തുറമുഖത്തെ യു.എ.ഇ നാഷണൽ റെയിൽ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുക. ആകെ മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിക്കായി നടത്തുന്നത്. സംയുക്ത റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകൾ ചൊവ്വാഴ്ച അബൂദബിയിൽവെച്ച് ഒപ്പുവച്ചിട്ടുണ്ട്.