ഒമാനിൽ രക്തം ആവശ്യപ്പെട്ട് പോസ്റ്റുകളിടരുത് – ബ്ലഡ് ബാങ്ക്

രക്ത ദാനം ആവശ്യപ്പെട്ട് മാധ്യമങ്ങളിൽ പോസ്റ്റിടരുതെന്ന് ബ്ലഡ് ബാങ്ക് സർവീസസ് ഡിപ്പാർട്മെന്റു പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. റോയൽ ആശുപത്രിയിൽ എ പോസിറ്റിവ് രക്തം ആവശ്യപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഈ വിഷയത്തിൽ സർക്കുലർ ഇറക്കിയിരിക്കുന്നത്.

രക്തം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഒരു കാരണവശാലും പോസ്റ്റുകൾ ഇടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ എല്ലാ ഗ്രൂപ്പിലും പെട്ട രക്തത്തിനും മതിയായ സ്റ്റോക്ക് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ‘ഒ ‘ വിഭാഗത്തിലെ രക്തങ്ങളുടെ സ്റ്റോക്ക് കുറവുണ്ട്. രക്തം ആവശ്യപ്പെട്ടുള്ള രോഗികളുടെ കുടുംബങ്ങളും ബന്ധുക്കളും ബ്ലഡ് ബാങ്കുകളുമായാണ് ആദ്യം ബന്ധപ്പെടേണ്ടത്.

ഇത്തരക്കാരുടെ ആവശ്യങ്ങൾ രക്ത ബാങ്കിൽ നിന്നും രക്തമെടുത്തോ അല്ലെങ്കിൽ രക്തം നൽകുന്നതുമായി ബന്ധപ്പെട്ടോ നിറവേറുന്നതായിരിക്കുമെന്നും ഇതിനായി ആവശ്യമാണെങ്കിൽ അധികൃതർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നു.