മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഒമാനിൽ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്. ഇന്ത്യൻ എംബസിയിൽ നിന്നെന്ന വ്യാജേന പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഇന്ത്യൻ പ്രവാസികളുടെ പണം കൈക്കലാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതി. ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പറിൽ നിന്നാണ് തട്ടിപ്പുകാർ ബന്ധപ്പെടുക. പാസ്പോർട്ട് അല്ലെങ്കിൽ ഇമിഗ്രേഷൻ കാര്യങ്ങൾ ‘പരിഹരിക്കാൻ’ പണം ആവശ്യപ്പെട്ടാണ് നിങ്ങൾക്ക് ഫോൺവിളി എത്തുന്നത്. എംബസിയിൽ നിന്നാണെന്ന് തെറ്റിധരിച്ച് പലരും ഇത്തരം തട്ടിപ്പുകളിൽ വീഴുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് എംബസിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.
കമ്മ്യൂണിറ്റി വെൽഫെയർ വിംഗ് ഉപയോഗിക്കുന്ന എംബസിയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 80071234-നോട് സാമ്യമുള്ള നമ്പറിൽ നിന്നുമുള്ള കോളുകൾ സൂക്ഷിക്കണമെന്നും, ഈ നമ്പറിൽ നിന്നും ആരെയും എംബസി അങ്ങോട്ട് വിളിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം കോളുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണെന്നും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.