മസ്കത്ത്: പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ച് മസ്കത്ത് മുൻസിപ്പാലിറ്റി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെയാണ് മുൻസിപ്പാലിറ്റി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.
ഡെങ്കി കേസുകളിൽ ഈ വർഷം കുറവുണ്ടായാതായാണ് യോഗത്തിന്റെ വിലയിരുത്തൽ. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്ക് ഫോഴ്സ് മേധാവിയുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി യോഗത്തിന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
2023-2024 കാലയളവിലെ ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്ലാനിന്റെ ഫലങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. 2024-2025 വർഷത്തേക്കുള്ള പദ്ധതിയുടെ രൂപരേഖ യോഗത്തിൽ തയ്യാറാക്കി. കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുന്നതിനായി 69,000 വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് നടപടികൾ സ്വീകരിച്ചതാണ് ഈ വിജയത്തിന്റെ പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
മസ്കത്ത് ഗവർണറേറ്റിലെ 84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 266 സ്ഥിരമായ ചതുപ്പ് പ്രദേശങ്ങൾ പ്രധാന കൊതുക് പ്രജനന കേന്ദ്രങ്ങളായി കണ്ടെത്തിയിരുന്നു. ഈ മേഖലകളിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താനായതിലൂടെ കൊതുക് വ്യാപനം വലിയ തോതിൽ തടയാനായി.
കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ കൊതുകുകളെ നിയന്ത്രിക്കാൻ ഇലക്ട്രോണിക്, നോൺ ഇലക്ട്രോണിക് കെണികൾ പാർക്കുകളിൽ സ്ഥാപിക്കും. മറ്റ് രാജ്യങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയ കീട നിയന്ത്രണ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.