ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുകരിച്ച് ഉപയോക്താക്കളെ വലയിലാക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഈ വ്യാജ വെബ്‌സൈറ്റിൽ, ഉപയോക്താക്കളോട് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും പങ്കിടാൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി പിൻവലിക്കും.

ഇത്തരം സാഹചര്യങ്ങളിൽ വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അതിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കുമ്പോൾ ബാങ്ക് കാർഡ് വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.