ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണം; യു എൻ പൊതുസഭയിൽ ഒമാൻ

മസ്‌കത്ത്: ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണമെന്ന് ഒമാൻ. ന്യൂയോർക്കിൽ നടന്ന യു എൻ പൊതുസഭയുടെ 79-ാം സെഷനിലാണ് ഒമാൻ ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈധി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പലസ്തീൻ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സംഘർഷങ്ങൾ പരിഹരിക്കണം. 1967ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകണമെന്നും ഒമാൻ അറിയിച്ചു.

ഇസ്രായേൽ അധിനിവേശ സേന പലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന വംശഹത്യ നയങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഒമാൻ ഉയർത്തിക്കാട്ടി. അന്താരാഷ്ട്രസമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ ഐക്യരാഷ്ട്രസഭയ്ക്ക് പൂർണ്ണ പിന്തുണ നൽകുകയാണ്. എല്ലാ വെല്ലുവിളികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതിനായി സംഭാഷണവും സഹിഷ്ണുതയും ഉൾക്കൊള്ളുന്ന ഉറച്ച കാഴ്ചപ്പാടിലാണ് ഒമാനിന്റെ വിദേശനയം സ്ഥാപിച്ചിരിക്കുന്നത്. ഇത് സമാധാനം കൈവരിക്കാനും പരസ്പര ബഹുമാനം, നല്ല സഹകരണം രാഷ്ട്രങ്ങൾ തമ്മിലെ ഐക്യം തുടങ്ങിയവയിൽ അധിഷ്ഠിതമായ ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.