ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നോർത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, അൽ വുസ്ത, ദാഖിലിയ, നോർത്ത് ഷർഖിയ ഗവർണറേറ്റുകൾ, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളുടെ പർവത പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

20-50 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സജീവമായ കാറ്റും വാദികളിൽ ജലപ്രവാഹവും ഉണ്ടായേക്കും. ദോഫാർ ഗവർണറേറ്റിൽ 10-30 മില്ലിമീറ്റർ വരെ ചിതറിയ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു. ജാഗ്രതാ സമയത്ത് വാദികൾ മുറിച്ചുകടക്കരുതെന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സൂർ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നാണ് ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ നിരീക്ഷണ സ്റ്റേഷനുകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 14 മുതൽ 16 വരെയായി 215 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.