മസ്‌കത്ത്: ഒമാനിലെ വാദി ഷാബിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അധികൃതർ. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ വാദി ഷാബിലേക്കുള്ള യാത്രകൾക്കും സന്ദർശനങ്ങൾക്കും ഈ മാസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൈതൃക, ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഉഷ്ണമേഖലാ ന്യൂനമർദത്തെ തുടർന്ന് വാദിയിൽ ജലനിരപ്പ് ഉയർന്നതും ചില ഭാഗങ്ങൾക്ക് നാശമുണ്ടായതുമാണ് വിലക്കേർപ്പെടുത്താൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഒക്ടോബർ 31 വരെ പ്രദേശത്തേക്കുള്ള യാത്രകൾ പൂർണമായും നിരോധിച്ചതായി മന്ത്രാലയം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എല്ലാവരും ഈ മുന്നറിയിപ്പ് പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.