പുതിയ ബ്ലഡ് ബാങ്ക് സെന്റർ സ്ഥാപിക്കാൻ ഒമാൻ; കരാറിൽ ഒപ്പുവെച്ചു

മസ്‌കത്ത്: പുതിയ ബ്ലഡ് ബാങ്ക് സെന്റർ സ്ഥാപിക്കുന്നതിന് കരാറിൽ ഒപ്പുവെച്ച് ഒമാൻ. സീബ് വിലായത്തിലെ അറൈമി ബൊളിവാർഡിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കാൻ സൊഹാർ ഇസ്ലാമിക് ബാങ്കുമായും മുഹമ്മദ് അൽ ബർവാനി ഫൗണ്ടേഷനുമായും ഒമാൻ ആരോഗ്യ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.

ഹെൽത്ത് സർവീസ് ആൻഡ് പ്രോഗ്രാംസ് ഡയറക്ടർ ജനറൽ ഡോ. ബദരിയ മൊഹ്സിൻ അൽ റശ്ദി, സൊഹാർ ഇസലാമിക് ബാങ്ക് ചീഫ് ഓഫീസർ അബ്ദുൽവാഹിദ് മുഹമ്മദ് അൽ മുർഷിദി, എം.ബി ഫൗണ്ടേഷൻ സി.ഇ.ഒ ഇമാൻ മുഹമ്മദ് അൽ ബർവാനി തുടങ്ങിയവരാണ് കരാറിൽ ഒപ്പുവെച്ചത്. ബൗഷറിലെ ബ്ലഡ് ബാങ്ക് സേവനം വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സീബിലെയും പരിസര പ്രദേശങ്ങളിലേയും രക്തദാതാക്കൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകും.

രക്തദാനത്തിനുള്ള സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതോടെ ഗുണഭോക്താക്കളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ അറൈമി ബൊളിവാർഡ് മാളിൽ 91 ചതുശ്ര മീറ്റർ വിസ്തൃതിയിലാണ് ബ്ലഡ് ബാങ്ക് വരുന്നത്. ദാതാക്കൾക്കുള്ള രജിസ്ട്രേഷൻ സെക്ഷൻ, പ്രീ ഡൊണേഷൻ മെഡിക്കൽ ചെക്കപ്പ്, രക്തദാനത്തിന് ആറ് ബെഡുകൾ എന്നിവയടങ്ങുന്നതാണ് പുതിയ സെന്ററെന്ന് അധികൃതർ വ്യക്തമാക്കി.