മസ്കത്ത്: ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിയായി ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്തത വരുത്തിയത്.
ഗ്രാറ്റുവിറ്റി ലഭിക്കുന്നത് സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് . പഴയ നിയമമനുസരിച്ച് വിദേശ ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം 15 ദിവസത്തെ അടിസ്ഥാന ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നൽകേണ്ടത്. പിരിഞ്ഞു പോവുമ്പോൾ ആദ്യ വർഷം മുതൽ തന്നെ ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നു.
2023 ജൂലൈ 31 മുതലാണ് പുതിയ ആനുകൂല്യം നിലവിൽ വരിക.