മസ്കത്ത്: 2024 സെപ്തംബർ മാസം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024 സെപ്തംബർ വരെ ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,728,931 ആയി. രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങൾ 1,376,221 ആയി ഉയർന്നപ്പോൾ വാണിജ്യ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 251,305 ആയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ടാക്സി വാഹനങ്ങളുടെ എണ്ണം 28,174 ആയി. വാടക വാഹനങ്ങളുടെ എണ്ണം 37,890 ആയി. ഗവൺമെന്റ് വാഹനങ്ങളുടെ എണ്ണം 11,849 ഉം മോട്ടോർ ബൈക്കുകൾ 7,534 ഉം ആണ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ എണ്ണം 5,247 ഉം താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 8,575 ആയെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ട്രാക്ടറുകളുടെ എണ്ണം 1,256 ഉം നയതന്ത്ര സ്ഥാപന രജിസ്ട്രേഷനുള്ള വാഹനങ്ങൾ 880 ഉം ആയി. ഒമാനിലെ വാഹനങ്ങൾക്ക് ഏറ്റവും നൽകപ്പെട്ട നിറം വെള്ളയാണ്. 735,599 വാഹനങ്ങൾക്കാണ് വെള്ള നിറമുള്ളത്. 222,890 വാഹനങ്ങൾക്കുള്ള വെള്ളി നിറമാണ് രണ്ടാമത്. 166,549 വാഹനങ്ങളുമായി ഗ്രേ മൂന്നാം സ്ഥാനത്താണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.