മസ്കത്ത്: ഒമാൻ നിർമിത സ്കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി കർവ മോട്ടോഴ്സ്. ബസുകൾ ഉടൻ സ്കൂളുകൾക്ക് ലഭ്യമായിത്തുടങ്ങും. അഞ്ച് വർഷത്തിനകം മുഴുവൻ സ്കൂളുകൾക്കും ബസുകൾ എത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഒമാനിലെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് കഴിഞ്ഞ വർഷം നവംബറിലാണ് സ്കൂൾ ബസുകളുടെ നിർമാണത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം ഒപ്പുവച്ചത്.
മുഴുവൻ സ്കൂളുകൾക്കും കർവ മോട്ടോർസിന്റെ ഒമാൻ നിർമിത ബസുകൾ അഞ്ച് വർഷത്തിനകം ലഭ്യമാക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളും ഉയർന്ന നിലവാരത്തിലുള്ളതുമായ ബസുകളാണ് കർവ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം 23 കുട്ടികൾക്ക് ഒരു ബസിൽ യാത്ര ചെയ്യാനൻ കഴിയും. ബസിന് അകത്തും പുറത്തും ക്യാമറകൾ, സുരക്ഷാ ഡോറുകൾ, എമർജൻസി ഡോറുകൾ, സെൻസർ സംവിധാനമുള്ള സൈഡ് ഡോറുകൾ തുടങ്ങിയവയുണ്ട്.
ഫസ്റ്റ് ഐഡ് ബോക്സ്, എൻജിൻ സെൻസർ, ജിപിഎസ് ഉപയോഗിച്ചുള്ള ബസ് ട്രാക്കിങ് സംവിധാനം, ഡ്രൈവറുടെ പ്രകടനം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനം എന്നിവയും ബസിലുണ്ട്.