മുസന്നയിലെ ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ് സിറ്റി പദ്ധതി; ലേലനടപടികൾ അവസാനഘട്ടത്തിൽ

മസ്‌കത്ത്: മുസന്നയിലെ ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ് സിറ്റി പദ്ധതിയുടെ ലേലനടപടികൾ അവസാനഘട്ടത്തിൽ. ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ റോയൽ ഡയറക്റ്റീവിന്റെ ഭാഗമായാണ് സ്പോർട്സ് സിറ്റി പ്രോജക്റ്റ് സജ്ജമാക്കുന്നത്. ഒരു മില്യൺ ചതുരശ്ര മീറ്ററിലാണ് സ്‌പോർടസ് സിറ്റി പ്രോജക്റ്റ് ഒരുക്കുന്നത്.

ഈ പദ്ധതി പ്രഖ്യാപിച്ചത് 2023 ഒക്ടോബറിലാണ്. പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഒരു ലോകോത്തര വേദി സൃഷ്ടിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് കമ്പനികൾ ബിഡ് സമർപ്പിച്ചതായി ടെൻഡർ ബോർഡ് അറിയിച്ചു. മജൻ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്‌സ്, ഹിൽ ഇന്റർനാഷണൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി, മേസ് ഇന്റർ നാഷ്ണൽ എന്നിവരാണ് ലേലത്തിനുള്ളത്.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്‌ബോൾ (ഫിഫ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്‌സ് ഫെഡറേഷൻസ് (ഐഎഎഎഫ്) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രകൃതിദത്ത ഗ്രാസ് പിച്ച്, സിന്തറ്റിക് ട്രാക്കുകൾ, സൗകര്യങ്ങൾ എന്നിവയുള്ള 25,000 സീറ്റുകളുള്ള ഫുട്ബോൾ സ്റ്റേഡിയമാണ് പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗം.