മത്ര കേബിൾ കാർ പദ്ധതിയുടെ ഉദ്ഘാടനം ഈ വർഷം; നിർമാണം അന്തിമഘട്ടത്തിൽ

മസ്‌കത്ത്: മസ്‌കത്തിലെ മത്ര കേബിൾ കാർ പദ്ധതിയുടെ ഉദ്ഘാടനം ഈ വർഷം തന്നെ നടക്കും. പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി. ടൂറിസം അനുഭവം മെച്ചപ്പെടുത്തൽ, സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ, മത്രയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. മത്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ആകാശ സഞ്ചാര യാത്ര സാധ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

കേബിൾ കാർ സർവിസ് ആരംഭിക്കുക മത്ര മത്സ്യ മാർക്കറ്റിന് സമീപമുള സ്റ്റേഷനിൽ നിന്നാണ്. ഇവിടെ നിന്ന് വിനോദ സഞ്ചാരികളെ മലമുകളിലുള്ള രണ്ടാം സ്റ്റേഷനിലേക്ക് കൊണ്ടുപോവും. ഇവിടെ ഇറങ്ങുന്ന സന്ദർശകർക്ക് വിശ്രമിക്കാനും ഫ്ലവർ പാർക്ക് സന്ദർശിക്കാനും കഴിയും. കേബിൾ കാർ സർവിസുകൾക്ക് മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

ഒന്നാം സ്റ്റേഷൻ മത്ര മത്സ്യ മാർക്കറ്റിന് സമീപവും രണ്ടാം സ്റ്റേഷൻ റിയാൻ പാർക്കിന് പിന്നിലുള്ള മല മുകളിലുമാണ്. ഇവിടെ മത്രയുടെ കടൽ തീരം മുഴുവൻ കാണാൻ കഴിയും. ഫ്ലവർ പാർക്കാണ് മുന്നാം സ്റ്റേഷൻ. പൂന്തോട്ടം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക് എന്നിവയാണ് മലമുകളിലെ സ്റ്റേഷനിൽ ഉണ്ടാവുക. ഫ്ലവർ പാർക്കിൽ റസ്റ്റോറൻുകളും ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശന ശാലകളും ഉണ്ടാവും.

റോപ്പ് വേ ഗതാഗതത്തിന് പ്രശസ്തമായ ബാർത്തോലെറ്റ് സ്വിസ് എഞ്ചിനീയറിങ് ഉപയോഗിച്ചാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. സ്റ്റേഷനുകൾക്കിടയിലുള്ള യാത്രക്ക് ഏകദേശം ആറര മിനിറ്റാണ് എടുക്കുക. സന്ദർശകർക്ക് ഓരോ സ്റ്റേഷനിലും കയറാനും ഇറങ്ങാനും സൗകര്യമുണ്ടാകും. തുടർന്ന് റൂട്ടിലെ വിവിധ വിനോദ, സാംസ്‌കാരിക ആകർഷണങ്ങൾ ആസ്വദിക്കാം. കേബിൾ കാർ സംവിധാനത്തിൽ എയർ കണ്ടീഷൻ ചെയ്ത 18 ക്യാബിനുകളാണ് ഉണ്ടാകുക. ഓരോന്നിലും എട്ട് യാത്രക്കാർക്ക് വരെ കയറാൻ കഴിയും. രണ്ട് വിഐപി ക്യാബിനുകളും ഉണ്ടാകും. ഈ ക്യാബിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പോർഷെ ഡിസൈൻ സ്റ്റുഡിയോയാണ്