
മസ്കത്ത്: അംഗീകാരം ഇല്ലാത്ത കുപ്പിവെള്ളവും ടിന്നിലടച്ച മത്സ്യ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ഒമാൻ. ഉൽപ്പന്നങ്ങളുടെ കമ്പനികൾ അതാത് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവയും സർട്ടിഫിക്കേഷൻ ഉള്ളവയും ആയിരിക്കണം. കമ്പനികൾക്ക് സ്റ്റാറ്റസ് ശരിയാക്കാൻ അനുവദിച്ച ഗ്രേസ് പീരീഡ് ഏപ്രിൽ 22ന് അവസാനിക്കും. ഇതോടെ നിയമം കർശനമായി നടപ്പിലാക്കും. ഈ നിബന്ധന ബാധകമാകുക കുപ്പി വെള്ളം, ഫാമുകളിൽ വളർത്തുന്ന മത്സ്യം, ടിന്നിലടച്ച മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായിരിക്കും.
ഒമാനിലേക്ക് ഉത്പ്പന്നങ്ങൾ അയക്കുന്ന വിദേശത്തെ ഫാക്ടറുകൾക്കോ കയറ്റുമതി സ്ഥാപനങ്ങൾക്കോ ഒമാൻ നിശ്ചയിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഒമാനിലെ എല്ലാ ഇറക്കുമതി കമ്പനികളും ഈ നിയമം പാലിക്കേണ്ടതാണ്. ഉപഭോക്താളുടെ ആരോഗ്യം നിലനിർത്തുക, വിപണിയിൽ എത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.




