ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച്ച നടത്തി സുഡാൻ ട്രാൻസിഷണൽ സോവറിനിറ്റി കൗൺസിൽ ചെയർമാൻ

മസ്‌കത്ത്: ഒമാനിൽ സന്ദർശനം നടത്തി സുഡാൻ ട്രാൻസിഷണൽ സോവറിനിറ്റി കൗൺസിൽ ചെയർമാൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ. അൽ ബറാക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്ക് അദ്ദേഹത്തെ സ്വീകരിച്ചു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സുഡാനീസ് ജനതയുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള ദേശീയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അദ്ദേഹത്തിന് ഒമാൻ സുൽത്താൻ വിജയം ആശംസിച്ചു.

സുഡാനിലെ സംഘർഷം സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനും, ദേശീയ ഐക്യം വർദ്ധിപ്പിക്കുന്നതിനും, ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒമാൻ സുൽത്താനേറ്റ് നടത്തിയ തുടർച്ചയായ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി എച്ച്.എച്ച്. സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയവരും അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി. സുഡാൻ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി മുഹി അൽ-ദിൻ സലേം അഹമ്മദ്, ജനറൽ ഇന്റലിജൻസ് സർവീസ് ഡയറക്ടർ ജനറൽ ജനറൽ അഹമ്മദ് ഇബ്രാഹിം മുഫദ്ദാൽ, ഒമാൻ സുൽത്താനേറ്റിലെ സുഡാൻ റിപ്പബ്ലിക്കിന്റെ അംബാസഡർ ഇസ്സാം അവാദ് അഹമ്മദ് മെറ്റ്വാലി എന്നിവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.