ജോലി ഉപേക്ഷിക്കൽ; തൊഴിലുടമകൾക്ക് ടിക്കറ്റ് നിക്ഷേപം തിരിച്ചുപിടിക്കാൻ അനുമതി നൽകി ഒമാൻ 

മസ്‌കത്ത്: ജോലി ഉപേക്ഷിക്കൽ അറിയിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ നിക്ഷേപിച്ച യാത്രാ ടിക്കറ്റുകളുടെ ചെലവ് അംഗീകൃത വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലുടമകൾക്ക് തിരിച്ചുപിടിക്കാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. ഒമാനിൽ ജോലി ഉപേക്ഷിക്കുകയോ സേവനം അവസാനിപ്പിക്കുകയോ ചെയ്ത തൊഴിലാളികൾക്കായി നിക്ഷേപിച്ച വിമാന ടിക്കറ്റ് തുക, അത് ഉപയോഗിച്ചിട്ടില്ലെങ്കിൽ നിശ്ചിത നിബന്ധനകളോടെ തൊഴിലുടമകൾക്ക് തിരികെ ലഭിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ.

ജോലി അവസാനിപ്പിച്ച അറിയിപ്പ് വന്ന് 4 വർഷത്തിന് ശേഷവും 9 വർഷത്തിനുള്ളിലും റീഫണ്ടിന് അപേക്ഷിക്കാം. അബ്‌സ്‌കോണ്ടിംഗ് റിപ്പോർട്ട് ഔദ്യോഗികമായി റദ്ദാക്കപ്പെട്ടാലോ തൊഴിലാളി സ്വന്തം ചെലവിൽ രാജ്യം വിട്ടാലോ ഈ തുക മന്ത്രാലയത്തിൽ നിന്നും തിരികെ വാങ്ങാൻ കഴിയും. തൊഴിൽ നടപടിക്രമങ്ങളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകൾക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ ജോലി ഉപേക്ഷിക്കൽ പ്രക്രിയകളെ നിയന്ത്രിക്കാൻ സഹായിക്കുകയും സാമ്പത്തിക ഗ്യാരണ്ടികൾ കാര്യക്ഷമവും നീതിയുക്തവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.