ക്രിപ്‌റ്റോ കറൻസികളുടെ ഉപയോഗം ഒമാനിൽ നിയമാനുസൃതമല്ല; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്‌കത്ത്: ക്രിപ്‌റ്റോ കറൻസികളുടെ ഉപയോഗം ഒമാനിൽ നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇവ ഒമാനിൽ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് പൊതു മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ക്രിപ്‌റ്റോ കറൻസികൾക്ക് ബാങ്ക് ഗ്യാരണ്ടി നൽകുന്നില്ലെന്നും ഒമാൻ സാമ്പത്തിക വ്യവസ്ഥയിൽ നിയമപരമായ ഒരു സ്ഥാനവുമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബാങ്കിങ് നിയമം നമ്പർ 2025/2 ലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ നിലപാട്. നാഷണൽ പേയ്‌മെന്റ് സിസ്റ്റംസ് നിയമം നമ്പർ 2018/8 പ്രകാരം ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റ് രീതിയായി അംഗീകരിക്കപ്പെടുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.