അസാധാരണ സാഹചര്യം മൂലം വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല; ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കത്ത്: അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം വിമാന യാത്രയിൽ തടസ്സമുണ്ടാകുമ്പോഴാണ് നഷ്ടപരിഹാരത്തിന് യാത്രക്കാർക്ക് അർഹതയില്ലാത്തത്.

‘ക്വസ്റ്റ്യൻ ഇൻ ഏവിയേഷൻ’ ബോധവത്കരണ കാമ്പയിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടും എയർലൈനുകൾക്ക് തടയാൻ കഴിയാത്ത ബാഹ്യ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നതിലാണിത്. ഇന്ധനക്ഷാമം അല്ലെങ്കിൽ ഇന്ധന വിതരണ തടസ്സങ്ങൾ, യുദ്ധം, സുരക്ഷാ പ്രശ്നങ്ങൾ, അട്ടിമറി പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഇതര നിയമവിരുദ്ധ ഇടപെടലുകൾ തുടങ്ങിയവയാണ് ഈ തരത്തിൽപ്പെടുന്നത്. പക്ഷി ഇടിക്കുന്നത് പോലെയുള്ള സാധാരണ തടസ്സങ്ങളും വിമാനത്താവളത്തെയോ വ്യോമഗതാഗത പ്രവർത്തനങ്ങളെയോ ബാധിച്ചേക്കാവുന്ന സ്‌ട്രൈക്കുകളും ഈ തരത്തിൽപ്പെടുമെന്നും അതോറിറ്റി അറിയിച്ചു.

വിമാനത്താവളങ്ങളും വ്യോമാതിർത്തിയും അടച്ചുപൂട്ടുന്നത് പോലുള്ള പ്രവർത്തന ഷട്ട്ഡൗണുകളും ഒഴിവാക്കലിനുള്ള കാരണങ്ങളാണ്. വിമാന യാത്രയിലെ സുരക്ഷയെ ബാധിക്കുന്ന മോശം കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും ഈ തരത്തിൽപ്പെടുന്നു. വിമാനങ്ങളുടെ നിർമാണ പ്രശ്നം, പെട്ടെന്നുള്ള സാങ്കേതിക പരാജയങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.