തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നടപടിക്രമങ്ങൾ; പുതിയ നിബന്ധനകളുമായി റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിലെ തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നടപടിക്രമങ്ങളിൽ പുതിയ നിബന്ധനകൾ. കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് റോയൽ ഒമാൻ പോലീസ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. മെയ് 17 മുതൽ കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ പൂർണവും കൃത്യവുമായ വിവരങ്ങൾ ‘ഷിപ്പിങ് മാനിഫെസ്റ്റിൽ’ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

പോർട്ട് ഓപ്പറേറ്റർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, കസ്റ്റംസ് ക്ലിയറൻസ് സ്ഥാപനങ്ങൾ എന്നിവർ മെയ് 17 മുതൽ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം. കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ പൂർണവിവരങ്ങൾക്കൊപ്പം, കണ്ടെയ്നറുകളുടെ യഥാർത്ഥ നമ്പറുകളും മാനിഫെസ്റ്റിൽ കൃത്യമായി രേഖപ്പെടുത്തണം. ചരക്ക് വിവരങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് ഈ നീക്കം.