
മസ്കത്ത്: ഒമാനിൽ 47 അനധികൃത തൊഴിലാളികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച ആഫ്രിക്കൻ, ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. സൗത്ത് അൽ ബത്തിനയിലാണ് സംഭവം. വാദി അൽ മാവിലിലെ പോലീസ് സ്പെഷ്യൽ ടാസ്ക് യൂണിറ്റുമായി സഹകരിച്ച് സൗത്ത് അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വ്യക്തികളുമായി ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിലും, നുഴഞ്ഞുകയറ്റ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും പൊതുജന സഹകരണത്തിന്റെ പ്രാധാന്യം റോയൽ ഒമാൻ പോലീസ് ഉയർത്തിക്കാട്ടി. നുഴഞ്ഞുകയറ്റ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്റ്റേഷൻ അല്ലെങ്കിൽ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




