
മസ്‌കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണമെന്നാണ് നിർദ്ദേശം.
ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകേണ്ടതാണ്. ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമം ബാധകമാണ്. വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം. ലഗേജ് നഷ്ടപ്പെട്ടാൽ ആദ്യ ദിവസം മുതൽ തന്നെ യാത്രക്കാരന് സാമ്പത്തിക നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭിന്നശേഷിയുള്ള യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം വരെ നഷ്ടപരിഹാരം നൽകേണ്ടി വരും. ടിക്കറ്റ് നിരക്കുകൾ സുതാര്യമായി പ്രദർശിപ്പിക്കണം. മറഞ്ഞിരിക്കുന്ന ചാർജുകൾ ഈടാക്കാൻ പാടില്ല. അതേസമയം, കാലാവസ്ഥാ വ്യതിയാനം, സുരക്ഷാ ഭീഷണികൾ തുടങ്ങിയ അപ്രതീക്ഷിത കാരണങ്ങളാൽ വിമാനം വൈകിയാൽ സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് എയർലൈനുകളെ ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ നേരിട്ടോ പരാതികൾ സമർപ്പിക്കാം




