നിർമ്മാണ സാമഗ്രികളുടെ വിലനിർണ്ണയം; റിപ്പോർട്ടുകളിലെ സത്യാവസ്ഥ വ്യക്തമാക്കി ഒമാൻ

മസ്‌കത്ത്: ഒമാനിലെ നിർമ്മാണ സാമഗ്രികളുടെ വിലനിർണ്ണയത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകളെ കുറിച്ച് മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിർമ്മാണ സാമഗ്രികളുടെ വിലയും പ്രാദേശിക വിപണികളിലെ അവയുടെ വർദ്ധിച്ച നിരക്കുകളും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരീക്ഷിച്ചുവരികയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട വില വർദ്ധനവ് കൃത്യമല്ലെന്നും യഥാർത്ഥ വില നിലവാരത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഇരുമ്പിന്റെ വില ഈ വർഷം (2026) ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 12 ശതമാനം മാത്രമാണ് വർദ്ധിച്ചത്. സിമന്റ് വിലയിൽ 18 ശതമാനം വർധനവ് ഉണ്ടായി.

വിതരണ, ഡിമാൻഡ് ഘടകങ്ങൾ, അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ട ഇറക്കുമതി, ഷിപ്പിംഗ്, ഉൽപ്പാദന ചെലവുകളിലെ മാറ്റങ്ങൾ, സാമ്പത്തിക മാറ്റങ്ങൾ എന്നിവ കാരണം, പ്രാദേശികമായവ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വിലയിൽ കാലാകാലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. നിലവിലെ സാഹചര്യം ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിവിധ വിപണികളിലെ കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലകൾ ട്രാക്ക് ചെയ്യുന്നതിനുള്ള നിരീക്ഷണ ശ്രമങ്ങൾ അതോറിറ്റി ശക്തമാക്കിയിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി നിരവധി നിയമലംഘന സ്ഥാപനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു, അവയ്ക്കെതിരെ ബാധകമായ ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.