സ്വർണ്ണ വ്യാപാര മേഖലയിൽ ഹവാല വിരുദ്ധ കംപ്ലയൻസ് ഓഫീസർമാരെ നിയമിക്കണം; ഒമാൻ വാണിജ്യ മന്ത്രാലയം

മസ്‌കത്ത്: സ്വർണ്ണ ആഭരണ വ്യാപാര മേഖലയിൽ ഹവാല വിരുദ്ധ കംപ്ലയൻസ് ഓഫീസർമാരെ നിർബന്ധമാക്കി ഒമാൻ. രാജ്യത്തെ സ്വർണ, ആഭരണ വ്യാപാരികൾക്ക് കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകലും തടയുന്നതിനുള്ള നിയമപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്നാണ് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകിയിരിക്കുന്ന കർശന നിർദ്ദേശം. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, ഭീകരവാദ ധനസഹായ വിരുദ്ധ നിയമത്തിലെ (ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് ലോ) വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ലൈസൻസുള്ള വിലയേറിയ ലോഹങ്ങൾ, രത്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാകും. സ്വർണം, വെള്ളി, ആഭരണങ്ങൾ, വിലപിടിപ്പുള്ള രത്‌നങ്ങൾ എന്നിവയുടെ ബിസിനസ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ പുതിയ നിർദേശം ബാധകമാണ്. കംപ്ലയൻസ് ചുമതലകൾ നിർവഹിക്കുന്നതിനായി യോഗ്യതയുള്ള ഒരു ജീവനക്കാരനെ അടിയന്തിരമായി നിയോഗിക്കണമെന്നാണ് നിർദ്ദേശം.

കമ്പനികൾ തങ്ങൾ നിയമിച്ച കംപ്ലയൻസ് ഓഫിസറുടെ പൂർണമായ വിവരങ്ങൾ നിർദിഷ്ട ഔദ്യോഗിക ചാനലുകൾ വഴി മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്. മന്ത്രാലയത്തിന്റെ ഈ നിർദേശം കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.