
മസ്‌കത്ത്: ഒമാനിൽ പ്രൊമോഷണൽ, സർവീസ് കോളുകൾക്കും സന്ദേശങ്ങൾക്കും നിയന്ത്രണം. ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾക്ക് തടസ്സമുണ്ടാക്കുന്ന അനാവശ്യ സന്ദേശങ്ങൾ, തട്ടിപ്പ് കോളുകൾ എന്നിവ തടയുന്നതിനാണ് പുതിയ നടപടി. ടെലികോം ഓപ്പറേറ്റർമാർക്കും സേവന ദാതാക്കൾക്കും അതോറിറ്റി ഇതുസംബന്ധിച്ച് കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഇനിമുതൽ പ്രൊമോഷണൽ, സർവീസ് കോളുകളിൽ വിളിക്കുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക കോളർ ഐഡി വ്യക്തമായി കാണിക്കണം. വ്യക്തിഗത നമ്പറുകൾ ഉപയോഗിച്ച് പ്രൊമോഷണൽ കോളുകൾ ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ പ്രൊമോഷണൽ സന്ദേശങ്ങളും കോളുകളും അനുവദിക്കൂ. സാങ്കേതിക തടസ്സങ്ങൾ മൂലമുണ്ടാകുന്ന വൈകൽ ഒഴികെ മറ്റൊന്നിനും ഇളവ് അനുവദിക്കില്ല. അനാവശ്യ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനും വാല്യു ആഡഡ് സേവനങ്ങൾ റദ്ദാക്കാനുമുള്ള സൗകര്യം ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നൽകണം.
നിർദേശം നൽകിയ ശേഷവും സന്ദേശങ്ങൾ വന്നാൽ പരാതിപ്പെടാനുള്ള അവസരവുമുണ്ട്. വ്യാജ കോളുകളും തട്ടിപ്പുകളും തടയാൻ ടെലികോം കമ്പനികൾ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ അനുമതിയില്ലാതെ കൈമാറരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.




