ഫോൺ നമ്പർ പോർട്ട് ചെയ്യണോ; നടപടികൾ സുതാര്യമാക്കി ഒമാൻ

മസ്‌കത്ത്: ഫോൺ നമ്പർ പോർട്ട് ചെയ്യുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കി ഒമാൻ. ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, ടി ആർ എ അംഗീകരിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടികൾ. ഉപഭോക്താവിനെ സ്വാധീനിക്കാനോ, പ്രത്യേക ഓഫറുകൾ നൽകി നിലനിർത്താൻ ശ്രമിക്കാനോ നിലവിലെ കമ്പനികൾക്ക് അനുവാദമില്ലെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സേവനദാതാവ് ഉപഭോക്താവിന്റെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കുകയും വ്യക്തമായ സമ്മതം നേടുകയും നിശ്ചിത സമയപരിധിക്കുള്ളിൽ നമ്പർ മാറ്റം പൂർത്തിയാക്കുകയും വേണം. നിലവിലെ സേവനദാതാവ് ഉപഭോക്താവിന് കുടിശ്ശികയുള്ള തുകകളോ കരാർ ബാധ്യതകളോ തീർപ്പാക്കുന്നതിനായി സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.

നമ്പർ മാറ്റം വൈകിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എല്ലാ ടെലികോം സേവനദാതാക്കളെയും ചട്ടം വിലക്കിയിട്ടുണ്ട്. നമ്പർ മാറ്റം പൂർത്തിയായതിന് ശേഷവും മുൻ സേവനദാതാവിന് ഉപഭോക്താവിൽ നിന്ന് കുടിശ്ശിക തുക ഈടാക്കാനുള്ള അവകാശം തുടരും. വിജയകരമായി മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന ഓരോ നമ്പറിനും പുതിയ സേവനദാതാവ് ടി ആർ എക്ക് 1.5 ഒമാനി റിയാലും, നമ്പർ മാറ്റിയ മുൻ സേവനദാതാവിന് 1.5 ഒമാനി റിയാലും നൽകണം.