ടെലികോം, ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സമുണ്ടായാൽ ഉപയോക്താക്കൾ മുഴുവൻ പ്രതിമാസ ബില്ലും അടയ്‌ക്കേണ്ടതില്ല; ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി

മസ്‌കത്ത്: ഒമാനിൽ ടെലികോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സമുണ്ടായാൽ ഉപയോക്താക്കൾ മുഴുവൻ പ്രതിമാസ ബില്ലും അടയ്‌ക്കേണ്ടതില്ലെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി. ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവന തടസ്സങ്ങൾ നേരിടുന്ന ഉപയോക്താക്കൾ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണെങ്കിൽ അവരുടെ മുഴുവൻ പ്രതിമാസ ബില്ലും അടയ്‌ക്കേണ്ടതില്ലെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

ടെലികോം സേവന ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ചട്ടത്തിലെ ആർട്ടിക്കിൾ 22, ഖണ്ഡിക 4 അനുസരിച്ച്, ഒരു സേവന തകരാർ പരിഹരിക്കാൻ 7 പ്രവൃത്തി ദിവസത്തിൽ കൂടുതൽ സമയമെടുത്താൽ ഉപയോക്താക്കളിൽ നിന്ന് മുഴുവൻ പ്രതിമാസ ബില്ലും ഈടാക്കാൻ സേവന ദാതാക്കൾക്ക് നിയമപരമായി അവകാശമില്ല. സേവനം ലഭ്യമാകാതിരുന്ന കൃത്യമായ കാലയളവിലെ വരിക്കാരുടെ സബ്സ്‌ക്രിപ്ഷൻ തുക ആ മാസത്തെ ബില്ലിൽ നിന്ന് കുറച്ചു നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്

സേവന തടസ്സങ്ങൾ അനുഭവപ്പെടുന്ന ഉപയോക്താക്കൾ അവരുടെ പരാതികൾ കൃത്യമായി രജിസ്റ്റർ ചെയ്യണം. പരാതി നമ്പറുകളും സമർപ്പിച്ച തീയതിയും രേഖപ്പെടുത്തി സൂക്ഷിക്കുകയും, ഉപയോഗിക്കാത്ത കാലയളവിലെ ബിൽ അഡ്ജസ്റ്റ്മെന്റുകൾക്കായി അപേക്ഷിക്കുകയും വേണം