ഒമാനിൽ പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തണം; ശൂറാ കൗൺസിലിൽ നിർദേശം

മസ്‌കത്ത്: പ്രവാസി തൊഴിലാളികൾ ഒമാനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ശൂറാ കൗൺസിലിൽ നിർദേശം. പ്രവാസികളുടെ വരുമാനവും നാട്ടിലേക്ക് അയക്കുന്ന തുകയും തമ്മിൽ ബന്ധിപ്പിച്ച് നിരീക്ഷിക്കാനുള്ള സാധ്യതയാണ് നിർദേശത്തിൽ മുന്നോട്ടുവെച്ചിട്ടുള്ളത്. ദേശീയ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണം മുൻനിർത്തിയാണ് വിഷയം കൗൺസിലിന്റെ പരിഗണനയിലെത്തിയത്.

 

ശൂറാ കൗൺസിലിന്റെ പത്താം ടേമിലെ മൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന 21-ാമത് യോഗത്തിലാണ് വിഷയം ചർച്ചയായത്. പ്രവാസികളുടെ ഒഫീഷ്യൽ വരുമാനത്തേക്കാൾ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും കൃത്യമായ വിവരശേഖരണം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്.

 

അനധികൃത പണമിടപാടുകൾ, തട്ടിപ്പുകൾ, നികുതി വെട്ടിപ്പുകൾ എന്നിവ തടയുന്നതിനും ഒഫീഷ്യൽ തൊഴിൽ കരാറുകൾക്ക് പുറത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുമാണ് നടപടി. വിഷയത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വ്യക്തതയും പഠന റിപ്പോർട്ടുകളും തേടാനാണ് ശൂറാ കൗൺസിൽ ബ്യൂറോ നിലവിൽ നിർദേശിച്ചിട്ടുള്ളത്. എന്നാൽ, പ്രവാസികൾക്ക് നാട്ടിലേക്ക് അയക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനോ പണമയക്കൽ നിയന്ത്രിക്കാനോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.