ഒമാനിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ഒമാനിൽ ശനിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ന്യൂനമർദ്ദം ഒമാൻ സുൽത്താനേറ്റിന്റെ കാലാവസ്ഥയെ ബാധിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴ പെയ്യാനുമിടയുണ്ട്. മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അയൽ പ്രദേശങ്ങളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.

ചില തീരദേശ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്നും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള പർവതപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.