വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട്; പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ടാക്സ് അതോറിറ്റി

മസ്‌കത്ത്: വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ടാക്സ് അതോറിറ്റി. ഈ സേവനങ്ങൾ നൽകുന്ന കമ്പനികളുമായി ബാധകമായ ചെലവുകളും ശതമാനവും സംബന്ധിച്ച് ഒരു കരാറിലെത്തിയ ശേഷം, ടൂറിസ്റ്റുകൾക്കായി സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ട് സേവനം നടപ്പിലാക്കുമെന്ന് ടാക്സ് അതോറിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാറ്റ് നിരക്ക് ഉയർത്താൻ പദ്ധതിയില്ലെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി.

നിലവിൽ അഞ്ച് ശതമാനമാണ് വാറ്റ് നിരക്ക്. ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു. നികുതികൾ ഉയർത്താനോ കുറയ്ക്കാനോ നിർത്തലാക്കാനോ ഉള്ള ഏതൊരു തീരുമാനവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എടുക്കുന്ന സർക്കാർ തലത്തിലുള്ള നയപരമായ കാര്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. പുതിയ നികുതികൾ അവതരിപ്പിക്കാനും ടാക്സ് അതോറിറ്റിക്ക് പദ്ധതിയില്ല. നികുതികളുമായി ബന്ധപ്പെട്ടുള്ള ഏതൊരു തീരുമാനവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സാമ്പത്തിക ആഘാതം വിലയിരുത്തുന്ന വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാകും സ്വീകരിക്കുകയെന്ന് അധികൃതർ വിശദീകരിച്ചു.