
മസ്‌കത്ത്: ഒമാനിൽ പെരുന്നാളിനായി വാരാന്ത്യ അവധി ഉൾപ്പെടെ 5 ദിവസത്തെ അവധി ദിനങ്ങൾ ലഭിച്ചേക്കും. സുൽത്താനേറ്റിലെ ഏകീകൃത ചട്ടങ്ങൾ അനുസരിച്ച് റമദാനിലെ 29 മുതൽ ശവ്വാൽ 3 വരെയാണ് ഔദ്യോഗിക അവധി കാലയളവ്. ഇത് ഇത്തവണ മാർച്ച് 19 വ്യാഴാഴ്ച്ച ആരംഭിച്ച് മാർച്ച് 23 തിങ്കളാഴ്ച്ച അവസാനിക്കുമെന്നാണ് കരുതുന്നത്.
ഒമാൻ തൊഴിൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും 2026 ലെ അവധിയുടെ ദൈർഘ്യം. ഔദ്യോഗിക അവധിയുടെ ആദ്യ ദിനം വാരാന്ത്യത്തോട് കൂടി വന്നാൽ പകരം അവധി അനുവദിക്കണമെന്നതാണ് നിയമം.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവർക്ക് അവധിയുടെ പൂർണ്ണ പ്രയോജനം ഉറപ്പാക്കുന്നതിനാണ് ഈ വ്യവസ്ഥ. 5 ദിവസത്തെ അ വധിയ്ക്ക് ശേഷം മാർച്ച് 24മുതൽ ഔദ്യോഗികമായി ജോലി പുന:രാരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, അവധിയുടെ അന്തിമ പ്രഖ്യാപനം മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചായിരിക്കും. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മുഖ്യസമിതി മാർച്ച് 19 ന് വൈകിട്ട് യോഗം ചേരുന്നതാണ്.




