ഫ്‌ളെക്‌സിബിൾ റോഡ് ബാരിയറുകൾ സ്ഥാപിച്ച് ഒമാൻ

മസ്‌കത്ത്: റോഡ് സുരക്ഷ ശക്തിപ്പെടുകയും അപകട മരണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി ഫ്‌ളെക്‌സിബിൾ റോഡ് ബാരിയറുകൾ സ്ഥാപിച്ച് ഗതാഗത വാർത്താ വിനിമയ സാങ്കേതികവിദ്യ മന്ത്രാലയം. വാഹനങ്ങൾ റോഡ് ബാരിയറുകളിലേക്ക് ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ദാഖിലിയ ഗവർണറേറ്റിലെ ഇസ്‌കി വിലായത്തിലെ ഖരൂത് പ്രദേശത്തെ അപകട സാധ്യതയേറിയ വളവുകളിൽ 300 മീറ്റർ ദൂരത്തിൽ ഇവ സ്ഥാപിച്ചു. വാഹനം ഇടിച്ചു കയറുന്ന വേളയിൽ ബാരിയറുകളിൽ സ്ഥാപിച്ച സിലണ്ടറുകൾ കറങ്ങി വാഹനത്തിന്റെ വേഗം ക്രമേണ കുറയുന്നതിന് സഹായിക്കും. അപകടത്തിന്റെ ആഘാതം കുറയ്ക്കാനും വാഹനം മറിയാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ അംഗീകൃത ക്രാഷ് ടെസ്റ്റുകളും കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ് സിലണ്ടറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.