
മസ്കത്ത്: ഉത്പന്നങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഷെൽഫിൽ നൽകിയ തുകയും ബില്ലിലെ തുകയും ഒന്നാണെന്ന് ഉറപ്പ് വരുത്തണമെന്ന് സിപിഎ നിർദ്ദേശം നൽകി. വിപണി സുതാര്യതയും നീതിയുക്തമായ വ്യാപാരവും ഉറപ്പാക്കുമെന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അതോറിറ്റി ആഹ്വാനം ചെയ്തു. റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിപണിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
ഷോപ്പിങ് നടത്തുമ്പോൾ ഉൽപന്നങ്ങളുടെ ഷെൽഫിൽ രേഖപ്പെടുത്തിയ വിലയും ബില്ല് ചെയ്യുമ്പോൾ ഈടാക്കുന്ന വിലയും ഒന്നാണെന്ന് ഉറപ്പുവരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണം. ഉപഭോക്തൃ സംരക്ഷണം പൂർണമാകണമെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രത അത്യാവശ്യമാണെന്നും ഇത് വിപണിയിലെ സുതാര്യതയും നീതിയുക്തമായ വ്യാപാരവും ഉറപ്പാക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ആവശ്യകത വർധിക്കുന്ന സാഹചര്യം ദുരുപയോഗം ചെയ്ത് വില അന്യായമായി ഉയർത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.




