
മസ്‌കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ. പൊതുജനാരോഗ്യ സംരക്ഷണത്തിനായി എഫ് എസ് ക്യൂസി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ശുചിത്വ – സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയവും ലൈസൻസുള്ളതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ മത്സ്യമടക്കമുള്ള കടൽ വിഭവങ്ങൾ വാങ്ങാവൂവെന്ന് എഫ് എസ് ക്യൂസി അറിയിച്ചു.
റമദാൻ മാസമായതിനാൽ കടൽ വിഭങ്ങളുടെ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചത്. മത്സ്യമടക്കമുള്ളവ ശരിയായ തണുപ്പിൽ ശുചിത്വമുള്ള ഇടങ്ങളിൽ മാത്രമെ വ്യാപാരികൾ പ്രദർശിപ്പിക്കാവൂ. മതിയായ ഐസിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. തെളിഞ്ഞതും വ്യക്തവുമായ കണ്ണുകൾ ഉറച്ച മാംസം സ്വാഭാവികവും മൃദുവുമായ ഗന്ധം എന്നിവ മത്സ്യത്തിന് ഉണ്ടെന്ന് നോക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശുചിത്വമില്ലാത്ത ഉപരിതലത്തിൽ പ്രദർശിപ്പിച്ചതോ മതിയായ തണുപ്പില്ലാതെ സൂക്ഷിച്ചതോ ആയ മത്സ്യങ്ങൾ വാങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.




