
മസ്‌കത്ത്: ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. 2026- 27 അധ്യായന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കെ.ജി ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലെയും മാസ ഫീസീൽ രണ്ടു റിയാൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
സ്‌കൂളിന്റെ പ്രവർത്തനപരമായ ആവശ്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രാകേഷ് ജോഷി വ്യക്തമാക്കി. ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അംഗീകാരത്തോടെയാണ് പുതിയ മാറ്റം. കെ.ജി ഒന്നുമുതൽ മൂന്നാം ക്ലാസ് വരെയുള്ള വിഭാഗങ്ങളിലെ ഫീസ് ഘടന മുൻ ക്ലാസുകളിലേതിന് തുല്യമായി ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന രക്ഷിതാക്കൾക്കായി നൽകിവരുന്ന ഫീസ് ഇളവുകളിൽ വർധനവ് വരുത്തും. ഇതിനിടെ ഫീസ് വർധനക്കെതിരെ രക്ഷിതാക്കളിൽ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.




