
മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ വിപണികളിലേക്ക് തുറമുഖങ്ങൾ വഴി ചരക്കുകൾ എത്തിക്കുന്നതിന് ഒമാന്റെ കരഗതാഗത മേഖല പൂർണ സജ്ജം. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഒമാനും മറ്റു ജിസിസി രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നിരവധി പുതിയ നടപടികൾ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞ ചരക്കു വാഹനങ്ങൾക്ക് ഒമാനിലെ തുറമുഖങ്ങളിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനായി രാജ്യത്തേക്ക് ഇനി എളുപ്പം പ്രവേശിക്കാം. ഗതാഗത ഓപ്പറേറ്റർമാർക്ക് ലോജിസ്റ്റിക്‌സ് സേവനങ്ങൾക്കായി ‘ബയാൻ സിസ്റ്റം’ വഴി അപേക്ഷകൾ സമർപ്പിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലഘൂകരിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഷിപ്പിങ് കാര്യക്ഷമത വർധിപ്പിക്കാനും വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കാനും ഈ പുതിയ ക്രമീകരണങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.




