വാദിയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം; ഒമാനിൽ ഡ്രൈവർ അറസ്റ്റിൽ

മസ്‌കത്ത്: വാദിയിൽ അശ്രദ്ധമായി വാഹനമോടിച്ച സ്വദേശി പൗരൻ ഒമാനിൽ അറസ്റ്റിൽ. ദുകം വിലായത്തിലാണ് സംഭവം. വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ വാഹനം ഉപയോഗിച്ച് അപകടകരമായ അഭ്യാസങ്ങൾ നടത്തിയതിനാണ് റോയൽ ഒമാൻ പോലീസ് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വാദികളിൽ ഇറങ്ങുകയോ വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് ഇയാൾ വാഹനമിറക്കി വാദിയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയത്.

ഇത്തരം പെരുമാറ്റങ്ങൾ പൊതുസുരക്ഷാ ചട്ടങ്ങളുടെ ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കുന്നു. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്തുവെന്നും ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.