
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച ഓൺലൈൻ പഠനം. മോശം കാലാവസ്ഥ തുടരുന്ന ഗവർണറേറ്റുകളിലെ പഠനമാണ് ഓൺലൈൻ ആക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ദേശീയ അടിയന്തര മാനേജ്മെന്റ് സെന്റർ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ തുടങ്ങിയവിടങ്ങളിൽ ഓൺലൈനായി ക്ലാസ് നടക്കും. മസ്കത്ത് ഗവർണറേറ്റിലെ അൽ ആമിറാത്ത്, ഖുറയ്യത്ത് വിലായത്തുകളിലും ഓൺലൈൻ ക്ലാസ് ബാധകമാണ്. വ്യാഴാഴ്ച മുതൽ സാധാരണ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കും.
രാജ്യത്തെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം.




