
മസ്‌കത്ത്: ഒമാനിൽ ഇനി റോസാപൂക്കാലം. ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകി ജബൽ അഖ്ദറിൽ റോസ് സീസൺ സജീവമായി. 6,000-ത്തോളം റോസാച്ചെടികളാണ് ഈ സീസണിൽ മലനിരകളിൽ പൂത്തുനിൽക്കുന്നത്. അനുകൂലമായ കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. റോസാപ്പൂക്കൽ പൂത്തുനിൽക്കുന്ന കാഴ്ച്ച കാണാൻ പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ ഇവിടേക്കെത്തുന്നുണ്ട്. മാർച്ച് പകുതി മുതൽ മെയ് പകുതി വരെയാണ് ഈ സീസൺ.
ഇവിടെ പ്രതിവർഷം 30,000 ലിറ്റർ റോസ് വാട്ടർ ഉത്പാദിപ്പിക്കപ്പെടുന്നു. ഏകദേശം 210,000 ഒമാനി റിയാലാണ് ഇതിന്റെ വിപണി മൂല്യം. ഇവിടെ എത്തുന്നവർക്ക് റോസാപ്പൂ തോട്ടങ്ങൾ സന്ദർശിക്കാനും പൂക്കൾ ശേഖരിക്കാനും പരമ്പരാഗത റോസ് വാട്ടർ നിർമാണ പ്രക്രിയ നേരിട്ട് കാണാനുമുള്ള അവസരം ലഭിക്കും. 2025-ൽ 222,151 സന്ദർശകരാണ് റോസ് സീസണിൽ ജബൽ അഖ്ദർ സന്ദർശിക്കാനെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.1% വർദ്ധനവാണുണ്ടായിരിക്കുന്നത്.




