സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആരോഗ്യത്തിന് ഹാനികരമായ കളിപ്പാട്ടങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഒമാൻ

മസ്‌കത്ത്: ആരോഗ്യത്തിന് ഹാനികരമായ കളിപ്പാട്ടങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഒമാൻ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘ഊഡോ’ എന്ന ബ്രാൻഡിലുള്ള കളർ മണൽ ഉപയോഗിച്ചുള്ള കളിപ്പാട്ടത്തിനാണ് (മോഡൽ നമ്പർ ബി-318-19149) മുന്നറിയിപ്പ്.

‘ആസ്ബസ്റ്റോസ്’ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം ഈ കളിപ്പാട്ടത്തിലുണ്ടെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന് അതീവ ദോഷകരമാണ് ആസ്ബസ്റ്റോസ്. ഇവയുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത് ശ്വസിക്കുന്നതും സമ്പർക്കത്തിൽ വരുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വിപണിയിലുള്ള ഇത്തരം സുരക്ഷിതമല്ലാത്ത ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിനും വിൽപ്പന തടയുന്നതിനുമായി അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രാദേശിക മാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും കർശന നിരീക്ഷണം തുടരുകയാണ്.

കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ അവയുടെ ഗുണനിലവാരവും സുരക്ഷാ സർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്ന് അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർഥിക്കുകയും ചെയ്തു.