പൊതു മര്യാദയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ; ഒമാനിൽ 40 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ നിയമ ലംഘനം നടത്തിയ 40 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ഏഷ്യ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. തൊഴിൽ, വിദേശ താമസ നിയമങ്ങൾ ലംഘിക്കൽ, പൊതു മര്യാദയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ, മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, വ്യാജ കറൻസി എന്നിവ കൈവശം വയ്ക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

മസ്‌കത്ത് ഗവർണറേറ്റിലെ പോലീസ് കമാൻഡ്, സ്പെഷ്യൽ പോലീസ് ടാസ്‌ക് കമാൻഡുമായി സഹകരിച്ചാണ് അറസ്റ്റ് നടത്തിയത്. പ്രതികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.