
മസ്കത്ത്: ഒമാനിൽ സന്ദർശനം നടത്തി സൊമാലിയൻ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുസ്സലാം അബ്ദി അലി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. മസ്കത്തിലെ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
വിവിധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇരു മന്ത്രിമാരും പിന്തുണ അറിയിച്ചു. സൊമാലിയയുടെ ഐക്യം, പരമാധികാരം എന്നിവയ്ക്ക് ഒമാന്റെ പിന്തുണ എല്ലായ്പ്പോഴും ഉണ്ടാകുമെന്ന് സയ്യിദ് ബദർ വ്യക്തമാക്കി.
സൊമാലിയയിലെ സമാധാന ശ്രമങ്ങൾക്കും ഐക്യത്തിനും ഒമാൻ നൽകുന്ന പിന്തുണയ്ക്ക് സൊമാലിയൻ മന്ത്രി അബ്ദുസ്സലാം അബ്ദി അലി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.




