കുന്തിരിക്ക കയറ്റുമതിയിൽ ഒമാന് നേട്ടം

മസ്‌കത്ത്: 2025 ൽ ഒമാന്റെ കുന്തിരിക്ക കയറ്റുമതി 471,400 റിയാലിലെത്തിയതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുൽത്താനേറ്റിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലൊന്നിനുള്ള സ്ഥിരമായ ആഗോള ഡിമാൻഡ് ആണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.

സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിപണികളിൽ പൈതൃക അധിഷ്ഠിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഒമാൻ നടത്തുന്നുണ്ട്. ഒമാന്റെ എണ്ണയിതര കയറ്റുമതി പോർട്ട്ഫോളിയോയിൽ കുന്തിരിക്കം നൽകുന്ന സംഭാവനകളെയും ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നുണ്ട്. അതേസമയം, ഒമാന്റെ സാംസ്‌കാരിക പൈതൃകമായ ഒമാനി കുന്തിരിക്കത്തിന് ആഗോളതലത്തിൽ ചരിത്രനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഭൗമസൂചിക പദവിയാണ് ഒമാനി കുന്തിരിക്കം സ്വന്തമാക്കിയത്. ആഗോള വ്യാപാര നിയമങ്ങൾ പ്രകാരം ഒമാൻ കുന്തിരിക്കത്തിന് ഇനി പ്രത്യേക സംരക്ഷണമുണ്ടാകും.

ലോകവിപണിയിൽ ‘ഒമാനി ഫ്രാങ്കിൻസെൻസ്’ എന്ന ബ്രാൻഡിന്റെ മൂല്യം വർധിക്കാനും തനതായ ഉൽപന്നങ്ങൾ വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കപ്പെടാനും ഈ പദവി സഹായിക്കും. ദോഫാർ ഗവർണറേറ്റിലെ പർവതനിരകളിൽ വളരുന്ന മരങ്ങളിൽ നിന്ന് ലഭിക്കുന്ന കുന്തിരിക്കത്തിന്റെ പ്രത്യേകതയും ശുദ്ധിയും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നതാണ് പ്രധാന നേട്ടം.