
മസ്‌കത്ത്: ജിസിസി രാജ്യങ്ങൾക്കിടയിലെ സ്വകാര്യ മേഖലയുടെ സംയോജനം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ചേർന്ന സുപ്രധാന യോഗങ്ങളിൽ പങ്കെടുത്ത് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി. ഒമാൻ ഈ ചർച്ചകളുടെ ഭാഗമായത് റീജിയണൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
വെർച്വലായാണ് ജിസിസി ചേംബേഴ്‌സ് ഫെഡറേഷന്റെ 68-ാമത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേർന്നത്. ഗൾഫ് സ്വകാര്യ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറേഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ഭാവി പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. ജിസിസി വാണിജ്യ വ്യവസായ മന്ത്രിമാരും ചേംബർ തലവന്മാരും പങ്കെടുത്ത 14-ാമത് കൺസൾട്ടേറ്റീവ് യോഗത്തിൽ നിലവിലെ പ്രതിസന്ധികൾക്കിടയിലുള്ള ചരക്ക് നീക്കം പ്രധാന വിഷയമായി.
കപ്പൽ ഗതാഗതം, ഇൻഷുറൻസ്, ഷിപ്പിങ് എന്നിവക്കുണ്ടാകുന്ന അധിക ചെലവുകൾ കുറക്കാനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി. കണ്ടെയ്നറുകൾ, മറ്റ് ഉപകരണങ്ങൾ, തന്ത്രപ്രധാനമായ ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയുടെ കുറവിനെ കുറിച്ചും ചർച്ചകൾ നടന്നു.




