മസ്കത്ത് ലോകനിലവാരത്തിലേക്ക്; ഗ്രേറ്റർ മസ്‌കത്ത് സ്ട്രക്ചറൽ പ്ലാൻ ഔദ്യോഗികമായി പുറത്തിറക്കി

മസ്‌കത്ത്: ഗ്രേറ്റർ മസ്‌കത്ത് സ്ട്രക്ചറൽ പ്ലാൻ ഔദ്യോഗികമായി പുറത്തിറക്കി ഒമാൻ. മസ്‌കത്ത് ഗവർണർ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദാണ് ഉദ്ഘാടനം ചെയ്തത്. മസ്‌കത്ത് ഗവർണറേറ്റിലെ അ’സീബിലെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന സുൽത്താൻ ഹൈതം സിറ്റിയിലെ എക്‌സ്പീരിയൻസ് ആൻഡ് സെയിൽസ് സെന്ററിലാണ് പരിപാടി നടന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് ഈ പദ്ധതി തയ്യാറാക്കിയത്.

മത്ര മുതൽ ബർക്ക വരെയുള്ള 1,360 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്ന ഈ വികസനരേഖ, മസ്‌കത്തിനെ ആഗോള നിലവാരമുള്ള നിക്ഷേപ സൗഹൃദ നഗരമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്. മസ്‌കത്ത് നഗരത്തെ നാല് പ്രധാന മേഖലകളായി തിരിച്ചാണ് വികസനം നടപ്പാക്കുന്നത്.

ആധുനിക മെട്രോ റെയിൽ ശൃംഖലയും സംയോജിത പൊതുഗതാഗത സംവിധാനവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏകദേശം 3.13 ലക്ഷം പുതിയ വീടുകളുടെ നിർമാണവും ഹരിത ഇടങ്ങളുടെ വ്യാപനത്തിലൂടെ ഗ്രീൻ മസ്‌കത്ത് എന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്നതിനായി 16 പുതിയ ഡാമുകളും 250 കിലോമീറ്റർ നീളത്തിൽ ഡ്രെയിനേജ് ചാനലുകളും പദ്ധതിയിലൂടെ നിർമിക്കും.