
മസ്കത്ത്: 2025-ൽ ഒമാനിൽ ഡിജിറ്റൽ പേയ്മെന്റ് രീതികളുടെ ഉപയോഗത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഡാറ്റ പ്രകാരം, 2025 ൽ പ്രാദേശിക ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ് വേകൾ വഴി നടത്തിയ ഇടപാടുകളുടെ മൂല്യം ഏകദേശം 3.2 ബില്യൺ ഒമാൻ റിയാലിലെത്തി. 2024 നെ അപേക്ഷിച്ച് 76.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേ കാലയളവിൽ ഇടപാടുകളുടെ എണ്ണവും 67 ദശലക്ഷത്തിൽ നിന്ന് 168 ദശലക്ഷത്തിലധികമായി ഉയർന്നു. 150 ശതമാനം വളർച്ചാ നിരക്കാണ് ഇടപാടുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. പോയിന്റ്-ഓഫ്-സെയിൽ (പിഒഎസ്) ഉപകരണങ്ങൾ ശക്തമായ പ്രകടനം കാഴ്ചവച്ചു. 2025-ൽ പിഒഎസ് ഉപകരണങ്ങൾ വഴിയുള്ള ഇടപാട് മൂല്യം 7.5 ബില്യൺ റിയാലിലധികം കവിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 33.2 ശതമാനം വർധനവാണിത്. വാണിജ്യ പ്രവർത്തനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ വ്യാപകമായി സ്വീകരിച്ചതിന്റെ പ്രതിഫലനമാണിത്.
ഡിജിറ്റൽ പേയ്മെന്റ് രീതികളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് ക്യുആർ കോഡ് സാങ്കേതികവിദ്യ രേഖപ്പെടുത്തി, ഇടപാടുകളുടെ എണ്ണം 133.5 ശതമാനം വർദ്ധിച്ചു, ഇടപാട് മൂല്യങ്ങൾ ഏകദേശം 8 ദശലക്ഷം റിയാലിലെത്തി, 2024 നെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയോളമാണിത്.




