ഒമാനിൽ അടുത്ത രണ്ട് മാസം മിക്ക പ്രദേശങ്ങളിലും താപനില ഉയരും

മസ്‌കത്ത്: അടുത്ത രണ്ട് മാസങ്ങളിൽ ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണ നിലയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഖുറിയാത്ത് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 46.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില.

ഒമാന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ഈ മാസം താപനില സാധാരണ നിലയിലും ഉയരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കുന്നത്. ജൂൺ മാസത്തിൽ ചൂട് കഠിനമാകും. മിക്ക ഗവർണറേറ്റുകളിലും താപനില സാധാരണയിലും 1 ഡിഗ്രി സെൽഷ്യസ് വരെ കൂടും. ജൂലൈ മാസത്തിലും ഇതേ അവസ്ഥ തുടരും. മസ്‌കത്തിലെ താപനില 41 ഡിഗ്രി വരെ ഉയർന്നു. മഹൂതിൽ 45.9, സുഹാർ 45.0 ഫഹൂദ് 44. 7 തുടങ്ങിയവയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രദേശങ്ങൾ.

അൽവുസ്ത ബുറൈമി, ദാഹിറ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് സിഎഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.