താപനില ഉയരുന്നു; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ ടയറുകൾ, ബാറ്ററികൾ, കൂളിങ് സംവിധാനങ്ങൾ എന്നിവ പരിശോധിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു. വേനൽക്കാലത്ത് വാഹന തകരാറുകൾ തടയാനും അപകട സാധ്യത കുറയ്ക്കാനുമായി ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകിയത്.

വാഹന ബാറ്ററികൾ പതിവായി പരിശോധിക്കുക, കൂളന്റ് അളവ് പരിശോധിക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകുന്നത്. ടയർ മർദ്ദം നിരീക്ഷിക്കണമെന്നും ഡയറക്ടറേറ്റ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. അമിത ചൂടിൽ നിന്ന് വാഹനങ്ങളെ സംരക്ഷിക്കാനും കേടുവരാതിരിക്കാനും തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.