വാണിജ്യ പരസ്യങ്ങൾക്കും സൈൻ ബോർഡുകൾക്കും പുതിയ നിയന്ത്രണങ്ങളുമായി മസ്കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: വാണിജ്യ പരസ്യങ്ങൾ, കടകളുടെ സൈൻ ബോർഡുകൾ, ബിൽബോർഡുകൾ എന്നിവയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മസ്‌കത്ത് മുൻസിപ്പാലിറ്റി. മസ്‌കത്ത് നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി. നഗരസൗന്ദര്യത്തിന് ഭീഷണിയുയർത്തുന്നതും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളതുമായ പരസ്യബോർഡുകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും.

പുതിയ നിർദേശപ്രകാരം അനുമതിയില്ലാതെ താൽക്കാലിക പരസ്യങ്ങൾ സ്ഥാപിക്കാൻ പാടില്ല. 20 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ മാത്രമേ ഇനിമുതൽ റൂഫ്‌ടോപ്പ് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതിയുണ്ടായിരിക്കുകയുള്ളൂ. കടകളുടെ ഗ്ലാസ് വിൻഡോകളിൽ പതിക്കുന്ന പ്രൊമോഷണൽ സ്റ്റിക്കറുകൾ മൊത്തം ഭാഗത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലോ, വാഹന ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലോ, ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലോ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങളിലെ ഉള്ളടക്കവും കർശന പരിശോധനയ്ക്ക് വിധേയമാക്കും.

പരസ്യബോർഡുകളിലെ ഭാഷാ-വിവർത്തന പിശകുകളും അക്ഷരത്തെറ്റുകളും പൂർണമായും ഒഴിവാക്കണമെന്ന് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അപകടകരമായ രീതിയിൽ ബോർഡുകൾ നിലനിർത്തുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.